07:09pm 09 November 2026
NEWS
കോടികൾ കൊയ്യാൻ ചന്ദനമര കൃഷി; സർക്കാർ വക ധനസഹായവും
01/06/2025  03:44 PM IST
nila
കോടികൾ കൊയ്യാൻ ചന്ദനമര കൃഷി; സർക്കാർ വക ധനസഹായവും

നല്ല വിലയുള്ള തടിയാണ് ചന്ദനത്തിന്റേത്. ചന്ദന മരങ്ങൾ നട്ടുപിടിപ്പിച്ച് വർഷങ്ങൾ കഴിഞ്ഞാൽ ലക്ഷക്കണക്കിന് രൂപക്ക് വിൽക്കാൻ സാധിക്കും. ഇപ്പോഴിതാ, സ്വന്തമായി ഭൂമി ഉള്ളവർക്കും കോടികൾ സമ്പാദിക്കാനുള്ള അവസരമാണ് വനംവകുപ്പ് ഒരുക്കുന്നത്. ചന്ദനമരങ്ങൾ നട്ടുവളർത്തുന്നതിന് പ്രതിവർഷം ധനസഹായവും ലഭിക്കും. 'ട്രീ ബാങ്കിംഗ്’ പദ്ധതിയിലേക്കാണ് സംസ്ഥാന വ‌നംവകുപ്പ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

സ്വകാര്യ ഭൂമിയിലെ വൃക്ഷാവരണം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വൃക്ഷം വളർത്തൽ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ ധനസഹായം നൽകുന്ന പദ്ധതിയായാണ് 'ട്രീ ബാങ്കിംഗ്’. സ്വന്തമായി ഭൂമിയുള്ളവർക്കോ, കുറഞ്ഞത് 15 വർഷം ലീസിന് ഭൂമി കൈവശമുള്ളവർക്കോ തങ്ങളുടെ ഭൂമിയിൽ ചന്ദനമരത്തൈകൾ നട്ടുപിടിപ്പിക്കുന്നതിനാണ് ധനസഹായം ലഭിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകളോടെ അതാത് സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസിലാണ് ഈ പദ്ധതിയ്ക്കായി രജിസ്റ്റർ ചെയ്യേണ്ടത്.

സർക്കാർ നിശ്ചയിച്ചിട്ടുള്ള വൃക്ഷത്തൈകൾ നട്ടുവളർത്തുന്ന വ്യക്തികൾക്ക് 15 വർഷം വരെ ധനസഹായം ലഭിക്കും. 10 മുതൽ 100 വരെ മരങ്ങൾക്ക് പ്രതിവർഷം ഒരു മരത്തിന് 30 രൂപയും, 101 മുതൽ 250 വരെ മരത്തിന് പ്രതിവർഷം ഒരു മരത്തിന് 25 രൂപയും 251 മുതൽ 500 വരെ മരങ്ങൾക്ക് പ്രതിവർഷം ഒരു മരത്തിന് 20 രൂപയും, 51 മുതൽ 750 വരെ മരങ്ങൾക്ക് പ്രതിവർഷം ഒരു മരത്തിന് 15 രൂപയും, 751 മുതൽ 1000 വരെ മരങ്ങൾക്ക് പ്രതിവർഷം ഒരു മരത്തിന് 10 രൂപ നിരക്കിലും ആണ് ധനസഹായം അനുവദിക്കുന്നത്.

15 വർഷം പൂർത്തിയായതിനുശേഷം സ്ഥലം ഉടമയ്ക്ക് സോഷ്യൽ ഫോറസ്ട്രി ഡിവിഷണൽ ഓഫീസിന്റെ അനുമതിയോടെ മരങ്ങൾ ആവശ്യത്തിന് മുറിച്ച് ഉപയോഗിക്കുകയോ, വിൽപ്പന നടത്തുകയോ ചെയ്യാം. പദ്ധതിയിൽ അംഗങ്ങളാകുന്നവർ വനം വകുപ്പുമായി എഗ്രിമെന്റിൽ ഏർപ്പെടണം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ അല്ലെങ്കിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസുമായി ബന്ധപ്പെടണം. പദ്ധതിയ്ക്കായി അപേക്ഷിക്കേണ്ട അവസാന തീയതി ജൂൺ 20. പദ്ധതിയുടെ വിശദവിവരങ്ങൾ വനം വകുപ്പിന്റെ വെബ് സൈറ്റിൽ ലഭിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img